ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കുമാരമംഗലം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ കുമാരമംഗലം വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുമാരമംഗലം ഗ്രാമപഞ്ചായത്ത്. 19.35 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കാളിയാര്‍ പുഴയും, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തും കിഴക്ക് ഭാഗത്ത് കോടിക്കുളം ഗ്രാമപഞ്ചായത്തും തെക്ക് ഭാഗത്ത് തൊടുപുഴ മുനിസിപ്പാലിറ്റിയും പടിഞ്ഞാറ് ഭാഗത്ത് കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തുകളുമാണ്. സമീപപ്രദേശങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ കുമാരമംഗലത്തിന് പ്രതാപൈശ്വര്യങ്ങളുടെ ഒരു ഗതകാലചരിത്രം ഉണ്ടായിരുന്നു. പഴയ കുമാരമംഗലം കല്ലൂര്‍ക്കാടും മഞ്ഞള്ളൂരും ഉള്‍പ്പെട്ട പ്രദേശമായിരുന്നു. മലനാടിന്റേയും തീരഭൂമിയുടേയും ഇടയില്‍ കിടക്കുന്ന ഇടനാട് പ്രദേശമാണ് കുമാരമംഗലം ഗ്രാമം. എന്നാല്‍ മലനാടിനോടാണ് കൂടുതല്‍ സാമ്യം. കീഴ്മലൈനാടെന്നാല് മലയ്ക്കുകീഴെ സ്ഥിതിചെയ്യുന്ന നാട് എന്നര്‍ത്ഥം. കീഴ്മലൈനാടിന്റെ ഭാഗമായിരുന്നു കുമാരമംഗലം. പ്രകൃതിയുടെ പ്രതിഭാസമായ വലിയ പുഴയോ കായലോ പര്‍വ്വതമോ ഇതിനു അതിരുകളായി കല്‍പ്പിക്കാനില്ല. വിശദമായി വീക്ഷിച്ചാല്‍ മനോഹരമായ പ്രദേശമാണ് കുമാരമംഗലം. കളം വരച്ചതുപോലെയുള്ള കൊച്ചു കൊച്ചു പാടങ്ങള്‍, വളഞ്ഞു പുളഞ്ഞൊഴുകുന്ന കൈത്തോടുകള്‍, റബ്ബര്‍, കമുക്, കുരുമുളക്, കാപ്പി, കന്നാരം, മരച്ചീനി തുടങ്ങിയ എല്ലാ വിളകള്‍ക്കും വളരാവുന്ന സമ്മിശ്ര കാലാവസ്ഥ, പാറക്കൂട്ടങ്ങള്‍ ക്രമരഹിതമായി ചരിഞ്ഞുകിടക്കുന്ന ഭൂവിഭാഗം, കൂടുതല്‍ തണുപ്പോ കഠിനമായ ചൂടോ അനുഭവപ്പെടാത്ത മിതശീതോഷ്ണ മേഖല എന്നതാണ് കുമാരമംഗലം എന്ന ഗ്രാമം. പഴയ തിരുവിതാംകൂറില്‍ ഉള്‍പ്പെട്ടിരുന്ന കാരിക്കോട് രാജവംശത്തിന് കീഴിലായിരുന്നു ഈ പ്രദേശം. രാജവാഴ്ചയുടേയും വൈദേശിക മേധാവിത്വത്തിന്റെയും, ജന്മി, ഭൂപ്രഭു ആധിപത്യത്തിന്റേയും രുചി ഓരോരോ കാലങ്ങളായി അനുഭവിച്ചറിഞ്ഞവരാണ് ഈ ഗ്രാമത്തിലെ അടിസ്ഥാന വര്‍ഗ്ഗം. കാലത്തിന്റെ അനുസ്യൂതമായ പ്രവാഹത്തിലൂടെ ഉടലെടുത്ത ചരിത്രബോധം ഈ ഗ്രാമജനതയുടെ സാംസ്കാരിക പാരമ്പര്യത്തെ സമ്പന്നമാക്കിയിരിക്കുന്നു. ആയുര്‍വേദ രംഗത്ത് അമൂല്യ സംഭാവന നല്കിയ ചേന്നാല്‍ വൈദ്യനും, വാര്യര്‍ വൈദ്യനും, വെമ്പിളി വൈദ്യനും ഈ ഗ്രാമത്തിന്റെ അഭിമാനങ്ങളായിരുന്നു.
ചരിത്രം
സ്ഥലനാമ ചരിത്രം
കേരളചരിത്രത്തിലെ കീഴ്മലൈനാടിന്റെ തലസ്ഥാനമായിരുന്നു കാരിക്കോട്. കീഴ്മലൈനാടിന്റെ അതിര് മൂവാറ്റുപുഴ വരെ വ്യാപിച്ചിരിക്കുന്നു. കാരിക്കോട് നിന്ന് മധുരയ്ക്കും കൊടുങ്ങല്ലൂര്‍ക്കും വാണിജ്യബന്ധമുണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ക്കുള്ള വഴി കുമാരമംഗലം പ്രദേശത്തുകൂടിയാണ് കടന്നുപോയിരുന്നത്. പ്രസിദ്ധമായ കോടിക്കുളത്തു നിന്നുള്ള വഴിയും ഇതിലെ തന്നെ ആയിരുന്നു. വള്ള്യാനിക്കാടുശാസ്താവ് റോഡും വള്ള്യാനിക്കാട് പുല്ലാപ്പള്ളികണ്ടം റോഡും ഇതിന്റെ തെളിവാണ്. ക്രിസ്തു വര്‍ഷം പത്താം ശതകം മുതല്‍ കീഴ്മലൈനാടിന്റെ ശാഖയില്‍പ്പെട്ടവര്‍ കുമാരമംഗലത്ത് താമസിച്ചിരുന്നതുകൊണ്ടാണ് കോയിക്കല്‍ എന്ന കുടുംബപ്പേര് ഇന്നും നിലനില്‍ക്കുന്നത്. കുമാരമംഗലം വള്ള്യാനിക്കാട്ടു ക്ഷേത്രത്തിന്റെ സ്ഥാപകന്‍ കോയിക്കല്‍ രാജകുടുംബാംഗം ആണെന്നു പറയപ്പെടുന്നു. കുമരന് എന്നു പേരുള്ള ഒരു രാജാവ് ക്ഷേത്രമഠങ്ങളും ഊട്ടുപുരകളും അഗതി മന്ദിരങ്ങളും മറ്റും സ്ഥാപിച്ച് ഇവിടെ സമംഗളം നാടുവാണിരുന്നു എന്നും അങ്ങനെയാണ് കുമാരമംഗലം എന്ന പേര് വന്ന് ചേര്‍ന്നതെന്നും വിശ്വസിക്കുന്നു. ഇവിടുത്തെ ഊട്ടുമറ്റം എന്ന സ്ഥലവും കുമാരമംഗലത്ത് കോയിക്കല്‍ രാജകുടംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാലക്രമേണ കുമാരമംഗലം എന്ന സ്ഥലനാമം കോരമംഗലം ആയും അറിയപ്പെട്ടിരുന്നു. പെരുമ്പതിക്കാട്ടു മനയ്ക്കായിരുന്നു ഈ പ്രദേശത്തിന്റെ ആധിപത്യം. ഏഴില്ലങ്ങള് ചേര്‍ന്ന ഊരാണ് ഏഴല്ലൂര്‍ എന്നു പറയുന്നു. ഈ കാലത്ത് തന്നെ കീഴ്മലൈനാട്ടിലെ പ്രസിദ്ധനായ ഒരു നായര്‍ പ്രഭു ആയിരുന്നു നെടുമാക്കല്‍ പാണിക്കല്യാര്. ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമുള്ള പള്ളി മൈലക്കൊമ്പ് പള്ളിയാണ്. തൊള്ളായിരം വര്‍ഷത്തിലധികം പഴക്കം ആ പള്ളിക്കുണ്ട്. വലിയ വീട്ടില്‍ പള്ളിയാണ് ഏററവും പഴക്കമുള്ള മുസ്ലീം ദേവാലയം. പെരുമ്പതിക്കാട്ടു ഭട്ടതിരിയില്‍ നിന്നും ആണ് പാഴൂര്‍ നായര്‍ തറവാടിന് കുമാരമംഗലം പ്രദേശത്തിന്റെ അവകാശം വന്നു ചേര്‍ന്നത്. അവരില്നിന്നുമാണ് മലയാറ്റില്‍ കുടുംബക്കാരുടെ കൈവശം കുമാരമംഗലം പ്രദേശത്തിന്റെ ഉടമസ്ഥത വന്നു ചേര്‍ന്നത്. പെരുമ്പള്ളിച്ചിറയും, ഏഴല്ലൂരും, കലൂരും ഈ കാലഘട്ടത്തില്‍ പ്രസിദ്ധങ്ങളായ സ്ഥലങ്ങളായിരുന്നു. ഒരു കീഴ്മലൈനാട്ടു രാജാവ് നിര്‍മ്മിച്ചതാണ് പെരുമ്പിള്ളിച്ചിറ. മീനച്ചില്‍ താലൂക്കില്‍ നിന്നു വന്നു താമസിച്ച മുണ്ടോത്തു വാര്യരുടെ പരമ്പരയാണ് ഇന്നിവിടെ താമസിക്കുന്ന പെരുമ്പിള്ളിച്ചിറ വാര്യര്‍ കുടുംബം. ഇവിടെയുള്ള ശ്രീകൃഷ്ണക്ഷേത്രം അതിപുരാതനമാണ്. തൊടുപുഴ ദേവസ്വം വക ഒരു ക്ഷേത്രസമുച്ചയംതന്നെ ഏഴല്ലൂരില്‍ ഉണ്ടായിരുന്നു. അതിന്റെ അവശിഷ്ടമായ ശാസ്താവുക്ഷേത്രം മാത്രമാണ് ഇന്നു നിലനില്‍ക്കുന്നത്.
സാമൂഹിക വികസന ചരിത്രം
ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയുടെ ഉല്പന്നമായ ജാതിവ്യവസ്ഥ ഇവിടേയും നിലനിന്നിരുന്നു. നാടുവാഴിത്തവും ജന്മി കുടിയാന് അടിയാന് ബന്ധങ്ങളും ഇവിടെ നിലനിന്നിരുന്നു. അയിത്താചാരങ്ങളും നിലനിന്നിരുന്നു. ഓണക്കാലത്ത് ജന്മി പുലയര്‍ക്ക് കൊടുക്കുന്ന ‘ഓണപ്പേറും’ കുടിയാനും അടിയാനും ജന്മിക്കു കൊടുക്കുന്ന ഓണക്കാഴ്ച്ചയും ഇവിടെ നിലനിന്നിരുന്നു. എല്ലാ ജാതി മതസ്ഥരും മതസൌഹാര്‍ദ്ദത്തോടെ തന്നെ അന്നും ഇന്നും കഴിഞ്ഞു വരുന്നു. സവര്‍ണ്ണരുടെ കിണറ്റില്‍നിന്നും അവര്‍ണ്ണരെ ആദ്യമായി വെള്ളംകോരാന്‍ അനുവദിച്ചത് വാഴയില്‍ പി.നാരായണന് നായരും സമൂഹസദ്യ നടത്തിയത് മൂലമ്പുഴക്കാരും വളളില്കുന്നക്കാരുമാണെന്നു പറയപ്പെടുന്നു. ആദ്യകാലത്ത് ഇതൊക്കെ വലിയ സംഭവങ്ങളായിരുന്നു. ശ്രീമൂലം തിരുനാള്‍ സ്കൂള്‍ അനുവദിച്ച കൂട്ടത്തിലാണ് കുമാരമംഗലത്തും ഒരു സ്കൂള്‍ അനുവദിച്ചത്. ഒരു എല്‍.പി.സ്കൂള്‍ കുമാരമംഗലത്ത് അനുവദിച്ചതറിഞ്ഞ് ചില തല്‍പ്പരകക്ഷികള്‍ ഇവിടെ അനുവദിച്ച സ്കൂള്‍ വാഴക്കുളമട്ടത്തുള്ള വേങ്ങച്ചുവട്ടില്‍ സ്ഥാപിച്ചു. ഇതറിഞ്ഞ് ഇവിടുത്തെ നായര്‍ പ്രമാണിമാര്‍ അവിടെച്ചെന്ന് സ്കൂള്‍ഷെഡ് പൊളിച്ചുകളഞ്ഞ് സ്കൂള്‍ ഉപകരണങ്ങളുമായി കുമാരമംഗലത്തെത്തി. മാലയാറ്റില്നിന്നും സംഭാവന നല്കിയ സ്ഥലത്ത് സ്കൂള്‍ സ്ഥാപിച്ചു. ഇത് 1917-ല്‍ ആണ്. അങ്ങനെ ഇവിടത്തെ ആദ്യത്തെ വിദ്യാലയം ഉയര്‍ന്നു. ക്രിസ്തുവര്‍ഷം 1917-ല്‍ കുമാരമംഗലത്ത് സ്ഥാപിച്ച ഗവണ്മെന്റ് എല്‍.പി.സ്കൂള്‍ ആണ് ഔപചാരിക വിദ്യാഭ്യാസരംഗത്തെ പ്രഥമ വിദ്യാലയം. രണ്ടാമത്തെ സ്കൂള്‍ മൈലക്കൊമ്പ് പള്ളിവക സെന്റ് തോമസ് എല്‍.പി.സ്കൂള്‍ ആണ്. 1964-ല്‍ ഒരു ഹൈസ്കൂള്‍ കുമാരമംഗലത്ത് ആരംഭിച്ചു. ആയുര്‍വേദ ചികിത്സാരംഗത്ത് പ്രസിദ്ധരായ ഭിഷഗ്വരന്മാര് ഉണ്ടായിരുന്ന ഒരു പ്രദേശമാണ് ഇത്. രോഗം വന്നാല്‍ മന്ത്രവാദവും വഴിപാടും പ്രാര്‍ത്ഥനയും മറ്റും നടത്തുന്ന സമ്പ്രദായം കുറെയൊക്കെ ഇവിടെയും നിലനിന്നിരുന്നു. പൈങ്കുളത്ത് പ്രവര്‍ത്തിക്കുന്ന മാനസിക ചികിത്സാകേന്ദ്രം കേരളത്തിലെ തന്നെ എണ്ണപ്പെട്ട ചികില്‍സാകേന്ദ്രമാണ്. സവര്‍ണ്ണ ജന്മി നാടുവാഴിവര്ഗ്ഗങ്ങളുടെ ധിക്കാര പ്രവണതയ്ക്ക് എതിരെ ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റേയുമായ സമരചരിത്രം ഗ്രാമപ്പഴമയായി ഇന്നും കേള്‍ക്കാന്‍ കഴിയും. ബ്രിട്ടീഷ് സാമ്രാജ്യമേധാവിത്വത്തിനെതിരായുള്ള ദേശീയ പ്രക്ഷോഭത്തില്‍ ഈ ഗ്രാമീണ ജനതയും കര്‍മ്മോത്സുകരായി മുന്നോട്ടു വന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് സമരാവേശമിളക്കിവിട്ട ഒരു യുവ നേതൃത്വനിര ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യപ്രസ്ഥാനത്തിന് പ്രേരകമായി വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തനം നടത്തിയ രാമച്ചനാശാന്, വള്ളിക്കുന്നേല്‍ ഗോപാലന് നായര്‍, കെ.എന്‍.കുമാരമംഗലം, ആര്.രാമചന്ദ്രന് നായര്‍, പണിക്കര്‍ സാര്‍ എന്നീ ഗുരുസ്ഥാനീയരുടെ വീരോജ്ജ്വല ജീവിതം ഗ്രാമസംസ്കൃതിയെ ആവേശം കൊള്ളിക്കുന്നു. മൈലക്കൊമ്പിലെ സെന്റ് തോമസ് ദേവാലയത്തിന് ഏകദേശം 900 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. ഏഴമല്ലൂര് ശാസ്താക്ഷേത്രം ഒരു ക്ഷേത്രസമുച്ചയമായിരുന്നുവെന്ന് പറയപ്പെടുന്നു. ശൈവവൈഷ്ണവമതങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായിട്ടാണ് ശാസ്താപ്രതിഷ്ഠ നടത്തിയിട്ടുള്ളതെന്നാണ് ഐതിഹ്യം. എല്ലാ മതവിഭാഗങ്ങളും നിവസിക്കുന്ന ഈ ഗ്രാമത്തില്‍ മതവൈര്യം കേട്ടുകേള്‍വിപോലുമില്ല. വൈവിധ്യങ്ങളായ വിഭവങ്ങള്‍ ഈ ഗ്രാമ സംസ്കൃതിയുടെ പോഷകങ്ങളായും പരിണമിച്ചിട്ടുണ്ട്. അതില്‍ പ്രഥമഗണനീയം ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നതിന് വളരെ മുന്‍പ് തന്നെ ഇവിടെ വ്യാപകമായി പ്രചാരത്തിലിരുന്ന കുടിപ്പള്ളിക്കൂടങ്ങളാണ്. കോല്‍ക്കളി, പരിചമുട്ടുകളി, കാളകളി, ഗരുഢന്‍തൂക്കം, മുടിയേറ്റ് തുടങ്ങിയ നാടന്‍കലകളും ഈ ഗ്രാമഭംഗിയുടെ തിലകക്കുറികളാണ്. ഭാരതത്തിന്റെ തനത് ചികില്‍സാ രീതിയായ ആയുര്‍വേദത്തിന് അമൂല്യസംഭാവനകള്‍ നല്കിയ പല ഭിഷഗ്വരന്മാരും ഈ ഗ്രാമത്തിനു കിട്ടിയ വരപ്രസാദങ്ങളായിരുന്നു.